
അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെ പ്രതികരിച്ച ഗായികയും നടിയുമായ സെലീന ഗോമസിനെതിരെ രൂക്ഷ വിമർശനവുമായി വൈറ്റ് ഹൗസ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെ താരം വൈകാരികമായ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പ്രതികരണം. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഓർത്തു കരഞ്ഞ നടി, കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ലെന്ന് വൈറ്റ് ഹൗസ് സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോയായിരുന്നു സെലീന ഗോമസ് പങ്കുവെച്ചത്. മെക്‌സിക്കൻ – അമേരിക്കൻ പൈതൃകത്തിൽ പെട്ടയാളാണ് സെലീന ഗോമസ്. കാലങ്ങളായി ഇവർ കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാറുമുണ്ട്. എന്നാൽ, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. ഇതോടെ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വിഡിയോ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്.
കുടിയേറ്റക്കാരുടെ അതിക്രമത്തിന് ഇരകളാക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ അമ്മമാരുടെ വിഡിയോയാണ് സെലീന ഗോമസിന് മറുപടിയായി വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ‘‘നിങ്ങൾ ആർക്കുവേണ്ടിയാണ് കരയുന്നതെന്ന് നിങ്ങൾക്കറിയില്ല. ഈ അനധികൃത കുടിയേറ്റക്കാർ ക്രൂരമായി കൊലചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത നമ്മുടെ കുട്ടികളുടെ കാര്യമോ? നിങ്ങൾ ഞങ്ങളുടെ പെൺമക്കൾക്ക് വേണ്ടി കരഞ്ഞില്ല.’’ – അമ്മമാർ ആരോപിച്ചു.











